12:45am 05 August 2026
NEWS
റോബോട്ടിക് ഓർത്തോപീഡിക് ശസ്ത്രക്രിയയുടെ അനന്ത സാധ്യതകൾ അവതരിപ്പിച്ച് വി.പി.എസ് ലേക്‌ഷോർ ഫോർട്ട് 2026 അന്താരാഷ്ട്ര കോൺഫറൻസ്
03/08/2026  04:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റോബോട്ടിക് ഓർത്തോപീഡിക് ശസ്ത്രക്രിയയുടെ അനന്ത സാധ്യതകൾ അവതരിപ്പിച്ച് വി.പി.എസ് ലേക്‌ഷോർ ഫോർട്ട് 2026 അന്താരാഷ്ട്ര കോൺഫറൻസ്

 

കൊച്ചി: റോബോട്ടിക് സർജറിയുടെ ഏറ്റവും നൂതന സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രി സംഘടിപ്പിച്ച ഫോർട്ട് 2026 അന്താരാഷ്ട്ര ഓർത്തോപീഡിക് കോൺഫറൻസ്. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന കോൺഫറൻസിൻ്റെ ഭാഗമായി ശാസ്ത്രീയ സെഷനുകൾ, പാനൽ ചർച്ചകൾ, പഠനങ്ങളുടെ വിശകലനം, സംവാദങ്ങൾ, പ്രൊഫഷണൽ സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവ ഒരുക്കിയിരുന്നു.

ജോയിന്റ് ആർത്രോപ്ലാസ്റ്റിയിലും ഓർത്തോപീഡിക് ചികിത്സാരംഗത്തുമുള്ള അത്യാധുനിക റോബോട്ടിക് മുന്നേറ്റങ്ങളെക്കുറിച്ചും റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ ഭാവിയിലെ ആവശ്യകതയെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് കോൺഫറൻസ് വേദിയായി.

വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു.

 

സാങ്കേതികവിദ്യയെ അതിന്റെ പേരിൽ മാത്രം ആഘോഷിക്കുന്നതിനല്ല, ആഴത്തിലുള്ള വിശകലനത്തിനും ശാസ്ത്രീയ തെളിവുകൾ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് കോൺഫറൻസ് സംഘടിപ്പിച്ചതെന്ന് എസ്.കെ. അബ്ദുള്ള പറഞ്ഞു.


ആരോഗ്യരംഗത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ഫോർട്ട് 2026 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജോർജ് ജേക്കബ് പറഞ്ഞു. റോബോട്ടിക് സാങ്കേതികവിദ്യയിലെ  നൂതന രീതികളെക്കുറിച്ചുള്ള തൻ്റെ അറിവ് സഹ ശസ്ത്രക്രിയ വിദഗ്ധരുമായി പങ്കുവെക്കാനാകുന്നത് അഭിമാനകരമാണ്. ഇതിലൂടെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കൂടുതൽ മികച്ചതാകുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശസ്ത്രക്രിയ വിദഗ്ധരുടെ കഴിവിനെ റോബോട്ടിക്സ് കൂടുതൽ മികവുറ്റതാക്കുന്നു എന്ന് ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി പറഞ്ഞു. സാങ്കേതികവിദ്യകൾ മനുഷ്യൻ്റെ വൈദഗ്‌ധ്യത്തിന് ഒരിക്കലും പകരമാകില്ല.

അതേസമയം റോബോട്ടിക് സഹായത്തോടെയുള്ള കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യത ഉറപ്പാക്കാൻ സഹായിക്കുന്നു. അതിലൂടെ രോഗികളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാകും.
ആരോഗ്യരംഗത്ത് മികവിന് ഒരിക്കലും ഒരു പരിധിയുണ്ടാകരുത്. ആധുനിക വൈദ്യശാസ്ത്രം നൽകുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ സ്വീകരിക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടിക് ശസ്ത്രക്രിയ രംഗത്ത് ഇന്ത്യ എത്രത്തോളം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഫോർട്ട് 2026 എന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള പ്രശസ്ത ഓർത്തോപീഡിക് സർജറി വിദഗ്ധൻ ഡോ. ബ്രെറ്റ് ഫ്രിറ്റ്സ്ച് അഭിപ്രായ പ്പെട്ടു. ഇത്തരത്തിൽ ഒരു കോൺഫറൻസ് സംഘടിപ്പിക്കുന്നതിലൂടെ റോബോട്ടിക് സർജറിയുടെ വിപുലമായ സാധ്യതകൾ വലിയ തോതിൽ വിശകലനം ചെയ്യാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം സംഘടിപ്പിച്ച സർജറി ലൈവ് ഡെമോൺസ്‌ട്രേഷൻ വേറിട്ട അനുഭവമായി എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

ഓർത്തോപീഡിക് സർജന്മാർ, അസ്ഥിരോഗ ചികിത്സ വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർ കോൺഫറൻസിൻ്റെ ഭാഗമായി. മേഖലയിൽ അന്താരാഷ്ട്ര പ്രശസ്തരായ ഡോ. അജിത് കുമാർ, ഡോ. തഡിമോഹൻ, ഡോ. പായം തരസൊലി, ഡോ. ശ്രീനിവാസ് തറ്റി, ഡോ. മനൻഷാ, ഡോ. മുകേഷ് ലദ്ദ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വി.പി.എസ് ലേക്‌ഷോർ ഓർത്തോപിഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസ്, ഡോക്‌ടർമാരായ ഡോ. അപ്പു ബെന്നി തോമസ്, ഡോ. വിനയ് ജയ്‌സൺ ചാക്കോ, ഡോ. എബിൻ റഹ്മാൻ, ഡോ. ജോസ് തോമസ് പാപ്പനശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img